- This event has passed.
ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷം
January 12 @ 4:00 pm – 6:00 pm
ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും ജനുവരി പന്ത്രണ്ടിന് തിരുവനന്തപുരത്ത്
കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രചരണസംഘടനയായ അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനഞ്ചാം വാർഷികപരിപാടിയും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2025 ജനുവരി 12 ഞായറാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ വച്ചു നടക്കുന്ന പരിപാടിയിൽ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ പ്രഭാഷണം നടത്തും. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗൻയാനിനെ സംബന്ധിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണം.
2009ൽ യു എൻ ആഹ്വാനപ്രകാരം ആചരിച്ച അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങളെത്തുടർന്ന് 2010-ൽ സ്ഥാപിതമായ ആസ്ട്രോ കേരള ജ്യോതിശാസ്ത്ര – ബഹിരാകാശശാസ്ത്ര പ്രചാരണരംഗത്തും വിദ്യാഭ്യാസത്തിലും വളരെ സജീവമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജ്യോതിശാസ്ത്രത്തെയും ബഹിരാകാശ ശാസ്ത്രത്തെയും മറ്റും ജനകീയമാക്കുന്നതിലും പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിലും നിർണായക പങ്കുവഹിക്കുന്ന, ഇന്ത്യയിലെ ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായി ആസ്ട്രോ ഇതിനോടകം മാറി.
ജ്യോതിശാസ്ത്രത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള അറിവു വർധിപ്പിക്കുന്നതിനും വിസ്മയബോധം ഉണർത്താനും ലക്ഷ്യമിട്ടു കൊണ്ട് നക്ഷത്രനിരീക്ഷണ പരിപാടികൾ, ശില്പശാലകൾ, പരിശീലനങ്ങൾ, സമ്മർ സ്കൂളുകൾ – കോഴ്സുകൾ, പ്രഭാഷണങ്ങൾ, ടെലിസ്കോപ്പ് നിർമാണ ശില്പശാലകൾ, സെമിനാറുകൾ തുടങ്ങിയവ ആസ്ട്രോ കേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം സംഘടിപ്പിച്ചു വരുന്നു. ആസ്ട്രോ വേദികൾ വഴി ഇതിനോടകം നിരവധി പേർ ബഹിരാകാശ ശാസ്ത്രവും ജ്യോതിശാസ്ത്രവും തങ്ങളുടെ തൊഴിൽ മേഖലയായും ഉപരിപഠന മേഖലയായും തെരഞ്ഞെടുക്കുകയും വിവിധ രാജ്യങ്ങളിൽ ഈ രംഗത്ത് പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, അക്കാദമിക – അനക്കാദമിക സ്ഥാപനങ്ങൾ, സംഘടനകൾ, കൂട്ടായ്മകൾ തുടങ്ങിയവയുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളമുള്ള ശാസ്ത്ര – ജ്യോതിശാസ്ത്ര – ബഹിരാകാശ പ്രേമികളുടെ പ്രബലമായ ഒരു കമ്മ്യൂണിറ്റിയെ സൃഷ്ടിക്കുവാനും ആസ്ട്രോയ്ക്ക് കഴിഞ്ഞു. ബഹിരാകാശ ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷകർ എന്നിവരുമായി സഹകരിച്ചു കൊണ്ടും വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളും നടത്തിയിട്ടുണ്ട്.
കൃഷ്ണവാര്യർ അനുസ്മരണ പ്രഭാഷണം
ബഹിരാകാശ ഗവേഷണത്തിനും സാങ്കേതിക പുരോഗതിക്കും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, ശാസ്ത്രത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം, അവബോധം, ചർച്ച എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രപ്രചാരകനും ആസ്ട്രോ കേരളയുടെ നെടുംതൂണുമായിരുന്ന സിഡാക് മുൻ അഡീഷണൽ ഡയറക്ടർ ഡി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി ആരംഭിച്ച സ്മാരക പ്രഭാഷണത്തിന്റെ മൂന്നാം ലക്കമാണ് ഇത്. ഗഗൻയാൻ പദ്ധതിക്കായി ഐ.എസ്.ആർ.ഒയുടെ കീഴിൽ രൂപവത്കരിച്ച ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടർ കൂടിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ഈ ദൗത്യത്തിൻ്റെ പ്രാധാന്യം, വെല്ലുവിളികൾ, ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ ഭാവിയിലേക്കുള്ള ഇന്ത്യയുടെ വിശാലമായ ലക്ഷ്യങ്ങൾ തുടങ്ങിയവയെപ്പറ്റിയും ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിൻ്റെ വർദ്ധിച്ചു വരുന്ന സാധ്യതകളെയും മികവുറ്റ സംവിധാനങ്ങളെയും സൗകര്യങ്ങളെയും കഴിവുകളെക്കുറിച്ചും ആഗോള ബഹിരാകാശ രംഗത്തെ നമ്മുടെ സവിശേഷമായ സ്ഥാനത്തെക്കുറിച്ചും സംസാരിക്കും. ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തിലെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യത്തെ സംബന്ധിച്ചുള്ള ഈ വർഷത്തെ പ്രഭാഷണം കൃഷ്ണവാര്യരുടെ സംഭാവനകൾക്കുള്ള ഉചിതമായ ആദരാഞ്ജലിയായി മാറും.
കഴിഞ്ഞ പതിനഞ്ചു വർഷത്തെ പ്രവർത്തനം വഴി കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പ്രപഞ്ചത്തെ പരിചയപ്പെടുത്തിയ ആസ്ട്രോ കേരള അതിൻ്റെ മുൻകാല നേട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചുവടുപിടിച്ചു കൊണ്ട് കൂടുതൽ വ്യാപൃതമായ പരിപാടികൾക്ക് ഇക്കൊല്ലം നേതൃത്വം നൽകും. ആസ്ട്രോയുടെ പതിനഞ്ചാം വാർഷികപരിപാടികളിലേക്കും മൂന്നാമത് കൃഷ്ണ വാര്യർ സ്മാരക പ്രഭാഷണത്തിലേക്കും ഏവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു.
പരിപാടിയിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
ലിങ്ക് : https://forms.gle/xWsEZ6zCC5QcAwxk9